നടനവൈഭവത്തിന് നദിക്കരയില്‍ അന്ത്യവിശ്രമം
Courtesy: Mathrubhumi
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടന്‍ മുരളിക്ക് കരമനയാറ്റിന്‍കരയില്‍ അന്ത്യവിശ്രമം. നദി, അരുവിക്കര അണക്കെട്ടിലേക്ക് തിരിഞ്ഞൊഴുകുന്ന കളത്തറയിലെ 'ശാന്തി' വീട്ടിന്റെ മുറ്റത്ത് പ്ലാവിന്‍ചുവട്ടിലൊരുക്കിയ ചിതയില്‍ മുരളിയുടെ ഭൗതിക ശരീരം അഗ്‌നി ഏറ്റുവാങ്ങി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് മുരളിക്ക് കലാകേരളം യാത്രാമൊഴി ചൊല്ലിയത്. അനുജന്‍ തുളസിയുടെ മകന്‍ ദീപുവാണ് ചിതയ്ക്ക് തീ കൊളുത്തിയത്.പതിനേഴുവര്‍ഷം മുമ്പ് മുരളി വാങ്ങിയതാണ് അരുവിക്കര കളത്തറയിലെ അരയേക്കര്‍ സ്ഥലം. അവിടെ പണിത ചെറിയ വീടിന്റെ മുറ്റത്ത് പ്ലാവിന്റെ ചുവട്ടിലിരുന്ന് അദ്ദേഹം അസ്തമയ സൂര്യനെ നോക്കുമായിരുന്നു. തന്റെ ജീവിതാസ്തമയവും അവിടെത്തന്നെയാകുമെന്ന് അദ്ദേഹം ഒരിക്കല്‍ തന്റെ സുഹൃത്ത് ത്രിലോചനനോട് പറഞ്ഞിരുന്നു. 'മൃത്യുഞ്ജയം' എന്ന നാടകം ഇവിടെവെച്ചാണ് അദ്ദേഹം എഴുതിയിരുന്നത്. മുരളിക്ക് പ്രിയങ്കരമായ ഈ സ്ഥലം തന്നെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമത്തിനായി തിരഞ്ഞെടുക്കപ്പെട്ടത് അങ്ങനെയാണ്. അകമ്പടി വാഹനത്തില്‍ നിന്നുള്ള അറിയിപ്പ് കേള്‍ക്കുന്നതിനുമുമ്പുതന്നെ നൂറുകണക്കിനാളുകള്‍ കളത്തറയിലെ വീട്ടില്‍ തടിച്ചുകൂടി. മുരളിയുടെ ഭാര്യ ശൈലജ, മകള്‍ കാര്‍ത്തിക, അച്ഛന്‍ പി. കൃഷ്ണ പിള്ള, അമ്മ ദേവകിയമ്മ, സഹോദരന്‍മാരായ ഹരി, തുളസി, സഹോദരിമാരായ ഷീല, ഷീജ എന്നിവരും മറ്റ് അടുത്തബന്ധുക്കളും ഉച്ചയോടെ തന്നെ 'ശാന്തി'യില്‍ എത്തിയിരുന്നു. സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി, കെ.പി .രാജേന്ദ്രന്‍, എം.എല്‍.എ മാരായ വി. ശിവന്‍കുട്ടി, മാങ്കോട് രാധാകൃഷ്ണന്‍, ജില്ലാ കളക്ടര്‍ സഞ്ജയ് കൗള്‍ എന്നിവരും സിനിമാ രംഗത്തെ പ്രമുഖരും കളത്തറയിലെ വീട്ടിലെത്തി. തിങ്ങിനിറഞ്ഞ വീട്ടുമുറ്റത്ത് ഒരുക്കിയ ചെറിയ പന്തലില്‍ മുരളിയുടെ മൃതദേഹം കിടത്തി. നാട്ടുകാരും ബന്ധുക്കളും അന്ത്യോപചാരമര്‍പ്പിച്ച ശേഷം അഞ്ചേകാലോടെ മൃതദേഹം ചിതയിലേക്കെടുത്തു. നദിക്ക് അ ഭിമുഖമായാണ് ചിതയൊരുക്കിയിരുന്നത്. മന്ത്രിമാരും കളക്ടറും പോലീസും ചിതയ്ക്കുമുന്നില്‍ നമ്രശിരസ്‌കരായി. മൂന്നുവട്ടം ആചാരവെടിമുഴങ്ങി. അഞ്ചരയോടെ മുരളിയുടെ അനുജന്‍ തുളസിയുടെ മകന്‍ ദീപു ചിതയ്ക്ക്തീ കൊളുത്തി. ആഗസ്ത് 16 ഞായറാഴ്ചയാണ് സഞ്ചയനകര്‍മം നിശ്ചയിച്ചിരിക്കുന്നത്. മുരളിയുടെ ജന്മനാടായ കൊല്ലംജില്ലയിലെ കുടവട്ടൂരില്‍ നിന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്ത് മുരളി ജോലിചെയ്തിരുന്ന കേരള സര്‍വകലാശാലയിലെ സെനറ്റ് ഹാളില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവന്നത്.
കടപാട് : മാതൃഭൂമി
visit new blog roll keralainside.net
ReplyDelete