Wednesday, May 5, 2010

മമ്മൂട്ടി കെഎസ്ആര്‍ടിസിയില്‍


മലയാള സിനിമയില്‍ ഡ്രൈവിങിനോട് ഏറ്റവും ക്രെയ്‌സുള്ള താരമാരെന്ന ചോദ്യത്തിന് മമ്മൂട്ടിയെന്നായിരിക്കും ഉത്തരം. വിദേശകാറുകളോടും പുത്തന്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളോടുമുള്ള മമ്മൂട്ടിയുടെ അഭിനിവേശം ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ഇങ്ങനെ അടിപൊളി കാറുകൡ ചെത്തുന്ന മമ്മൂട്ടി ഇപ്പോള്‍ നമ്മുടെ കെഎസ്ആര്‍ടിസിയുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ്.

ന്ഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ ആളെ കയറ്റാനല്ല, മറിച്ച് മറിച്ച് കേരളത്തിലെ റോഡപകടങ്ങളെക്കുറിച്ച് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നിര്‍മ്മിയ്ക്കുന്ന ബോധവത്ക്കരണ ഹ്രസ്വ ചിത്രവുമായാണ് മലയാളത്തിന്റെ മഹാനടന്‍ സഹകരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ജോസ് തെറ്റയിലുമായി നടത്തിയ ചര്‍ച്ചയിലാണ് ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാമെന്ന് മമ്മൂട്ടി വാക്ക് നല്‍കിയത്. കേരളത്തില്‍ നാള്‍ക്കുനാള്‍ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഹ്രസ്വ ചിത്രം നിര്‍മ്മിയ്ക്കാന്‍ കെഎസ്ആര്‍ടി ഒരുങ്ങുന്നത്.


സാമൂഹിക ജീവി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വം നിര്‍വഹിയ്ക്കുകയാണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിലൂടെ ഉദ്ദേശിയ്ക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. പുതിയ സിനിമയായ ദ്രോണ 2010ന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ഒറ്റപ്പാലത്ത് താമസിയ്ക്കുന്ന ഹോട്ടലിലാണ് മമ്മൂട്ടിയും ജോസ് തെറ്റയിലും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. മമ്മൂട്ടിയുമായി അടുത്ത സുഹൃദ്ബന്ധം പുലര്‍ത്തുന്ന ജോസ് തെറ്റയില്‍ മന്ത്രിയായ ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ലോ കോളെജിലെ പഠനകാലത്തെ ഓര്‍മ്മകളും സൗഹൃദ സംഭാഷണത്തിനിടെ വിഷയമായി.


മമ്മൂട്ടി ലോ കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ജോസ് തെറ്റയില്‍ സീനിയര്‍ വിദ്യാര്‍ഥിയായിരുന്നു. അന്ന് കോളജിലെ സിനിമാസ്വാദക സംഘടന ജോസ് തെറ്റയിലിന്റെ നേതൃത്വത്തിലായിരുന്നു. തന്റെ സിനിമാഭ്രമം മനസിലാക്കി പുതിയ സിനിമകള്‍ കാണിക്കാന്‍ കൊണ്ടു പോയിരുന്നത് ജോസ് തെറ്റയിലായിരുന്നെന്ന് മമ്മൂട്ടി ഓര്‍മ്മിയ്ക്കുന്നു. തന്റെ സിനിമാ സങ്കല്പങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ഗുരുതുല്യനായ സുഹൃത്തെന്നാണ് തെറ്റയിലിനെ മമ്മൂട്ടി വിശേഷിപ്പിയ്ക്കുന്നത്.


ടെലിവിഷന്‍ ചാനലുകള്‍, തിയറ്ററുകള്‍ എന്നിങ്ങനെ എല്ലാ മാധ്യമങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ബോധവത്ക്കരണമാണ് മമ്മൂട്ടിയെ മുന്‍നിര്‍ത്തി റോഡ് സുരക്ഷാ അതോറിറ്റി നിര്‍മ്മിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നത്.


courtesy: thatsmalayalam